മറയൂർ: വന്യജീവിശല്യം മൂലം തരിശായി കിടന്ന ആദിവാസി ഉന്നതി പ്രദേശങ്ങളിൽ വനം വകുപ്പിന്റെ വനദൻ വികാസ യോജനയുടെ ഭാഗമായി ആരംഭിച്ച മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് മറയൂർ, കാന്തല്ലൂർ, വട്ടവട തുടങ്ങിയ 12 ഉന്നതികളിൽ ആരംഭിച്ചു.
പ്രഗതി ഇനത്തിലുള്ള ഉയർന്ന വിളവുതരുന്ന മഞ്ഞൾ വിത്ത് നട്ട 55.56 ഏക്കർ സ്ഥലത്താണ് ഇപ്പോൾ വിളവെടുപ്പ് നടക്കുന്നത്. ഇതിൽ 45 ഏക്കറോളം തരിശുഭൂമിയായിരുന്നു. വന്യമൃഗങ്ങളെ അധികം ആകർഷിക്കാത്ത മഞ്ഞൾ കൃഷി തെരഞ്ഞെടുത്തത് ഗോത്രക്കുടികൾക്ക് വലിയ ആശ്വാസമായി.
ആനമുടി വനവികാസ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയ പദ്ധതിയുടെ ആകെ ചെലവ് 41.62 ലക്ഷം രൂപയാണ്. ഒരു ഏക്കറിന് 75,000 രൂപ നിരക്കിലാണ് സഹായം നൽകിയത്. വനം വകുപ്പുതന്നെ വിത്ത് വാങ്ങി നൽകിയതോടൊപ്പം വിളവെടുത്ത മഞ്ഞൾ സംഭരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വിത്തിന് ആവശ്യമുള്ള ഭാഗം മാറ്റിവച്ച ശേഷം ബാക്കി മഞ്ഞൾ മാർക്കറ്റ് വിലയ്ക്ക് വാങ്ങി മൂല്യവർധിത ഉത്പന്നങ്ങളാക്കി ഇക്കോ ഷോപ്പുകൾ വഴി വിറ്റഴിക്കാനാണ് പദ്ധതി. ഇത് ഗോത്രസമൂഹത്തിന് സ്ഥിര വരുമാനം ഉറപ്പാക്കുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി. ഹരികൃഷ്ണൻ പറഞ്ഞു.